ഖാലിസ്ഥാൻ അനുകൂലി ഹർദിപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്നു. ഈ വധത്തിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കും കാനഡയിലുള്ള ഇന്ത്യൻ ഹൈകമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കനേഡിയൻ സർക്കാർ ആരോപിക്കുന്നത്. ഇതിന് സമാനമായ മറ്റൊരു കേസാണ് അമേരിക്കയിലെ ഗുരുപത് പന്നുവിന്റേത്. നിജ്ജറും പന്നുവും സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക നേതാക്കളാണ്. ഖാലിസ്ഥാൻ അനുകൂലിയായ ഇതിന്റെ നേതാക്കളെ വധിക്കാൻ ഇന്ത്യൻ ചാര സംഘടനയായ ആര്‍എഡബ്ല്യു വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു. അമേരിക്കയിൽ അത് പാളി. അമേരിക്കൻ ചാര സംഘടനയുടെ നിയന്ത്രണത്തിലുള്ള ഒരു വ്യക്തിയാണ് വാടക കൊലയാളിയായി അഭിനയിച്ച് ആര്‍എഡബ്ല്യുവിന്റെ പ്രവർത്തകനുമായി ബന്ധപ്പെട്ടത്. ചെക്കോസ്ലാവാക്കിയയിൽ വച്ച് അയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അമേരിക്കക്ക് കൈമാറുകയും ചെയ്തു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ കോടതി മോഡിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന് സമൻസ് അയച്ചിട്ടുണ്ട്. നിജ്ജാർ വധത്തിന് നിർദ്ദേശം കൊടുത്തത് അമിത് ഷാ ആണെന്ന് പ്രമുഖ അമേരിക്കൻ പത്രമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കാനഡ പോലെയല്ലല്ലൊ അമേരിക്ക. നിജ്ജാർ വധത്തിലെ പങ്ക് നിഷേധിക്കുന്നതിൽ ശഠിച്ചുനില്ക്കുന്ന മോഡി സർക്കാരിന് അമേരിക്കൻ അധികാരികൾക്ക് മുമ്പിൽ വഴങ്ങേണ്ടി വന്നു. പന്നു കേസുമായി ബന്ധപ്പെട്ട് അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെ (അതായത് ഇന്ത്യൻ ചാരസംഘടനയിലെ ആളെ) ജോലിയിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ അധികാരികൾ തങ്ങളെ അറിയിച്ചതായി അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് പ്രസ്താവിച്ചിട്ടുണ്ട്. അമിത്ത് ഷായും ഡൊവാലും കുടുങ്ങുമെന്നായപ്പോൾ അയാളെ ബലികഴിച്ചതാണെന്ന് വ്യക്തം. അമേരിക്കൻ മേലാളന്മാരെ സമാധാനിപ്പിക്കാൻ ഒരു ഉദ്യാേഗസ്ഥസംഘം അങ്ങോട്ടുപോവുകയും ചെയ്തു. ഇതാദ്യം മറച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും പുറത്താക്കിയ കാര്യം അമേരിക്ക വെളിപ്പെടുത്തിയതോടെ അത് ഏറ്റു പറയാൻ മോഡി സർക്കാരും നിർബന്ധിതമായി.
നിജ്ജാർ വിഷയത്തിൽ മോഡി സർക്കാരിന്റെ നിലപാട് അംഗീകരിക്കാതെ, കനേഡിയൻ പോലീസ് അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം എന്നാണ് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങളിലെ അധികാരികൾ പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ ഒരു പൗരനെ വധിക്കുന്നത് അന്താരാഷ്ട്ര നിയമക്രമത്തിന്റെ ലംഘനമാണ്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കൈകടത്തലാണ്. അതാണ് ഇവർ പറയുന്നത്. ഇതെല്ലാം പതിവായി ചെയ്യുന്നവരാണ് ഇത് ഉന്നയിക്കുന്നത് എന്ന് ഓർക്കണം. എന്നാൽ ഒരു മൂന്നാം ലോക ആശ്രിത രാജ്യത്തെ ചാരസംഘടന ലോകയജമാനന്മരായ തങ്ങളുടെ രാജ്യങ്ങളിൽ വന്നു് കൊട്ടേഷൻകൊല നടത്തുന്നത് സാമ്രാജ്യത്വ രാജ്യങ്ങൾക്ക് സഹിക്കാനാവില്ല. അവരുടെ ശക്തമായ പ്രതികരണങ്ങൾക്ക് ഒരു കാരണം ഇതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ നില ഭദ്രമാക്കാനാണ് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ഇത് വിഷയമാക്കിയത് എന്ന് ചില ഇന്ത്യൻ മാധ്യമങ്ങൾ വാദിക്കുന്നുണ്ട്. അതിൽ കുറച്ചൊക്കെ സത്യവുമുണ്ട്. സിഖുക്കാർക്ക് സ്വാധീനമുള്ള കക്ഷിയാണ് ട്രൂഡോ സർക്കാരിനെ നിലനിർത്തുന്ന ന്യൂ ഡെമോക്രസി പാർട്ടി. അതിന്റെ ഇപ്പോഴത്തെ തലവൻ ഒരു സിഖുകാരനാണ്. ഇതൊക്കെയാണെങ്കിലും ഈ വിഷയം ഉയർന്നുവന്ന രീതിയും തുടർന്നുള്ള സംഭവവികാസങ്ങളും വിശദീകരിക്കാൻ ഇതൊന്നും പോരാ.
മോഡി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കൻ സാമ്രാജ്യത്വചേരി ബോധപൂർവ്വം ശ്രമിക്കുന്നതാണ് ഇതിലെ യഥാർത്ഥ വിഷയം. ഇന്ത്യൻ ഭരണവർഗങ്ങൾ കുറെ കാലങ്ങളായി അമേരിക്കൻ സാമ്രാജ്യത്വചേരിയോടാണ് അടുത്തുനിൽക്കുന്നത്. എങ്കിലും റഷ്യൻ സാമ്രാജ്യത്വവുമായുള്ള ബന്ധങ്ങളും സജീവമാണ്. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള മത്സരത്തെ ഉപയോഗപ്പെടുത്തി സ്വന്തം നില മെച്ചപ്പെടുത്താൻ അത് എന്നും ശ്രമിച്ചിട്ടുണ്ട്. മോഡി സർക്കാരും ഇതുതന്നെ തുടരുന്നു. സാമ്രാജ്യത്വമത്സരം തീവ്രമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കൻ സാമ്രാജ്യത്വചേരിക്ക് ഇത് അധികം അനുവദിക്കാനാവില്ല. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതികളിൽ സമ്മർദ്ദം ചെലുത്തി മോഡി സർക്കാരിനെ വരുതിക്ക് നിർത്താനാണ് അത് ശ്രമിക്കുന്നത്. ഇതാണ് ട്രൂഡോയുടെ പരസ്യ പ്രസ്താവനകളുടെയും മോഡിയുടെ വിശ്വസ്തരായ അമിത്ത് ഷായേയും അജിത്ത് ഡോവാലിനെയും പേരെടുത്ത് പരാമർശിച്ച് ഈ കൊട്ടേഷൻകൊല നീക്കവുമായി ബന്ധപ്പെടുത്തുന്നതിന്റെയും യഥാർത്ഥ കാര്യം. ബംഗ്ലാദേശിൽ ഷേക്ക് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ച വിദ്യാർത്ഥി മുന്നേറ്റത്തിൽ നുഴഞ്ഞുകയറി അമേരിക്കയുടെ വിശ്വസ്തനായ യൂനസിനെ അധികാരത്തിലേറ്റുന്നതിൽ അതിന്റെ ഏജൻസികൾ വഹിച്ച പങ്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വരുന്നുണ്ട്. വലിയ ചങ്ങാത്തത്തിലായിരുന്നിട്ടുപോലും ഹസീന ഭരണത്തെ രക്ഷപ്പെടുത്താൻ മോഡിക്ക് കഴിഞ്ഞില്ല. പുതിയ വൻശക്തിയാണ് എന്ന് എത്രതന്നെ അഹങ്കരിച്ചാലും ആത്യന്തികമായി സാമ്രാജ്യത്വങ്ങളോട് വിധേയപ്പെട്ട് കഴിയുന്ന ഒരു മൂന്നാം ലോക രാജ്യം മാത്രമാണ് ഇന്ത്യ. അതിന്റെ ദല്ലാൾ ഭരണാധികാരികൾക്ക് ഒരു പരിധിക്കപ്പുറം പോകാനാവില്ല. ആ യാഥാർത്ഥ്യമാണ് ഇതിലെല്ലാം തെളിഞ്ഞുവരുന്നത്. പഴഞ്ചൊല്ലിൽ പറഞ്ഞപോലെ, “ചെമ്മീൻ തുള്ള്യാൽ മുട്ടോളം, പിന്നെ തുള്ള്യാൽ ചട്ട്യോളം.”