56 ശതമാനം മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക ജാതികൾ. ദലിതരും ആദിവാസികളും 28 ശതമാനം. ഇവരെല്ലാം ചേർന്നാൽ 84 ശതമാനമായി. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള സവർണ്ണ ജാതികൾ 16 ശതമാനം. തെലുങ്കാനയിലെ ജാതി സർവ്വേയുടെ കണക്കുകളാണിത്. അവസരങ്ങളിൽ ഇതിലോരോ വിഭാഗത്തിനും എത്ര ലഭിച്ചു എന്ന് അറിയിച്ചിട്ടില്ല. ജനസംഖ്യാ അനുപാതത്തിൻ്റെ കാര്യത്തിൽ മുമ്പ് ബീഹാറിലെ സർവ്വേയിൽ കണ്ടതിന് സമാനമാണ് തെലുങ്കാന സർവ്വേ നൽകുന്ന ചിത്രം. രാജ്യവ്യാപകമായി ജാതി സെൻസസ്സ് നടത്തിയാലും ഇതായിരിക്കും കാണുക. ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതികൾക്കും 50 ശതമാനം മാത്രമേ സംവരണം പാടുള്ളൂ എന്ന സുപ്രീംകോടതി തീർപ്പിന്റെ അനീതിയാണ് ഈ കണക്കുകൾ. വ്യക്തമാക്കുന്നത്.
ജാതി സെൻസസ്സ് നടത്തുന്നതിന് സംഘീ മോഡിയുടെ സർക്കാർ മടിച്ചുനിൽക്കുന്നതിൻ്റെ കാരണവും അത് കാട്ടി തരുന്നു. അവസരങ്ങൾ മിക്കതും കൈയ്യടക്കി വച്ചിരിക്കുന്ന സവർണ്ണർ തീർത്തും ചെറിയ ന്യൂനപക്ഷമാണെന്ന സത്യം തുറന്നുകാട്ടുന്ന കണക്കുകൾ കഴിയുന്നത്ര കാലം മറച്ചുവയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. അതേ അവരിൽ നിന്ന് പ്രതീക്ഷിക്കാനാകു. എന്നാൽ മർദ്ദിതരുടെയും ചൂഷിതരുടെയും കക്ഷികളാണെന്ന് അവകാശപ്പെടുന്ന സിപിഎമ്മും സിപിഐയും എന്തുകൊണ്ടാണ് ഇതേ സമീപനം പിൻപറ്റുന്നത്? ബീഹാറിൻ്റെയും തെലങ്കാനയുടെയും മാതൃകകൾ മുമ്പിലുള്ളപ്പോൾ കേന്ദ്രസർക്കാരാണ് അത് ചെയ്യേണ്ടത് എന്ന പറഞ്ഞ് എന്തിനാണ് ഒഴിഞ്ഞു മാറുന്നത്?
മാർക്സിസമല്ല തിരുത്തൽ വാദമാണ് അവരെ നയിക്കുന്നത്. ഇന്ത്യൻ ഭരണവർഗങ്ങളുടെ ലോകവീക്ഷണത്തിന്റെ അകക്കാമ്പിലുള്ള ബ്രാഹ്മണ്യത്തെ ഈ തിരുത്തൽവാദം പുണർന്നു നിൽക്കുന്നു. അത് എക്കാലവും സവർണാധിപത്യത്തെ ആണ് സേവിച്ചിട്ടുള്ളത്. ജാതി സെൻസസിന്റെ കാര്യത്തിലും അതാണ് കാണുന്നത്.
ദലിത്, ആദിവാസി സംവരണത്തിലെ ഉപവർഗീകരണത്തെ എതിർക്കുന്നവർ പിണറായി സർക്കാരിൻ്റെ ഈ നിലപാടിന് സാധൂകരണം നൽകുന്നു. കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും വ്യക്തമായ നിർദ്ദേശം ഇല്ലാതെ അത് ചെയ്യാൻ ആവില്ല എന്ന എൽഡിഎഫ് സർക്കാരിൻ്റെ മറുപടി വലിയൊരു വിജയമായി അവർ ഉയർത്തിക്കാട്ടുമ്പോൾ അതാണ് സംഭവിക്കുന്നത്. ഇതേ യുക്തിവച്ചാണ് ജാതി സെൻസസ് നടപ്പാക്കാതിരിക്കുന്നതെന്ന്അവർ സൗകര്യപൂർവ്വം മറക്കുന്നു. ഫലത്തിൽ, തങ്ങൾ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന വിഭാഗങ്ങളുടെ താൽപര്യങ്ങളാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്.
Leave a Reply