ഒരു കൊളോണിയൽ ദാസൻ്റെ വിലാപം

കോളണിക്കാലം മൺമറിഞ്ഞിട്ട് ഒരു നൂറ്റാണ്ടോളം ആയെങ്കിലും അതിൻ്റെ ആരാധകർ ഇന്നുമുണ്ട് – മുൻ കൊച്ചി മേയർ സോഹനെ പോലെ. വാസ്കോ ഡി ഗാമയുടെ ചരമ വാർഷികം ആചരിക്കാത്തതിൽ സോഹൻ പ്രതിഷേധിച്ചിരിക്കുന്നു. ഗാമയുടെ വരവിന് ശേഷമാണ് ഈ നാട്ടിലെ കുരുമുളക് യൂറോപ്പിൽ എത്തിയത് എന്ന ചരിത്രവസ്തുതകൾക്ക് നിരക്കാത്ത അബദ്ധങ്ങൾ എഴുന്നെള്ളിക്കുന്നുമുണ്ട്. ചരിത്രത്തിൻ്റെ ഗതി മാറ്റിമറിച്ച വ്യക്തിത്വമായ സ്ഥിതിക്ക് ഗാമയെ ആദരിക്കണമെന്നാണ് സോഹൻ്റെ പക്ഷം.

മലബാർ തീരത്ത് നിലനിന്നിരുന്ന സ്വതന്ത്ര വ്യാപാര ബന്ധങ്ങളെ തകർത്ത് പാശ്ചാത്യ കോളോണിയൽ ശക്തികൾക്ക് വിധേയപ്പെട്ട കയറ്റുമതിക്ക് തുടക്കമിട്ടു. അറബികളുമായുള്ള കച്ചവടമത്സരത്തിൽ ക്രൈസ്തവ യൂറോപ്പിലെ മുസ്ലീംവിരോധം കൂട്ടിചേർത്ത് മതസംഘർഷങ്ങൾക്ക് മാതൃകയായി. മതപരിവർത്തനത്തിനും വത്തിക്കാൻ്റെ നിയന്ത്രണത്തിനും ബലപ്രയോഗത്തിലൂടെ ഇടമുണ്ടാക്കി. വിദേശങ്ങളുമായുള്ള അടിമക്കച്ചവടത്തിന് തുടക്കമിട്ടു. ഇങ്ങനെ പലതുമുണ്ട് ഗാമക്ക് അവകാശപ്പെടാൻ.

ശരിയാണ്, അതെല്ലാം ചരിത്രഗതിയെ തിരിച്ചുവിട്ടു. ഇങ്ങനെ ഗതി തിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ഹിറ്റ്ലറും കാണും. സോഹൻ്റെ യുക്തിവച്ച് ആ നരഭോജിയുടെ ചരമവാർഷികവും ആചരിക്കേണ്ടേ? ചരിത്രഗതി തിരിച്ചുവിട്ടതല്ല, എങ്ങോട്ട്, ആർക്കുവേണ്ടി എന്നാണ് നോക്കേണ്ടത്. ജനങ്ങളോടും ദേശത്തോടും കൂറുള്ളവരുടെ ചിന്തയിലെ അത്തരം ചോദ്യങ്ങൾ ഉയർന്നവരു. സാമ്രജ്യത്വ ദാസന്മാർക്ക് അതെന്നും അന്യമായിരിക്കും.

ഗാമയെ ആചരിക്കുകയല്ല, ഫോർട്ട്കൊച്ചിയിലെ ചത്വരത്തിന് ഗാമയുടെ പേരിട്ട ദേശദ്രോഹ നടപടി റദ്ദാക്കുകയാണ് കൊച്ചി കോർപ്പറേഷൻ ഉടനടി ചെയ്യേണ്ടത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Social media & sharing icons powered by UltimatelySocial
Verified by MonsterInsights