ആർക്കറിയാം അതിർത്തി എവിടെയാണെന്ന്?!

ഇന്ത്യാ-ചൈന അതിർത്തി തർക്കത്തെ കുറിച്ച്, “ഭൂപടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയുടെ ഫലമായിരുന്നു യുദ്ധം, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല.” എന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നു (ഇന്ത്യൻ എക്‌സ്‌പ്രസ്, നവംബർ 21). നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും 1947 മുതൽ ചൈനയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം ചുരുങ്ങുന്നില്ലേ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “നമ്മൾ മറുവശത്തായിരുന്നെങ്കിൽ… 1950-ൽ നമ്മൾ ചൈന ആയിരുന്നെങ്കിൽ, അവരുടെ ഭൂപടം നോക്കിയിരുന്നെങ്കിൽ, അവരുടെ ഭൂപടം ചുരുങ്ങുന്നതായി അവർ കണ്ടെത്തുമായിരുന്നു. കാരണം അരുണാചൽ പ്രദേശ് ഞങ്ങളുടെ സംസ്ഥാനമാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഈ തർക്കം തുടരുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല.”

ഇന്ത്യയുടെ സായുധ സേനയുടെ ഉന്നത തലങ്ങളിൽ നിന്ന് ഇത്തരം അഭിപ്രായങ്ങൾ വരുന്നത് ഇതാദ്യമല്ല. 1990-കളിൽ അന്നത്തെ സൈനിക മേധാവി ജനറൽ സുന്ദർജിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 1962-ൽ മക്‌മഹോൺ രേഖയ്ക്ക് വടക്ക് ഇന്ത്യൻ സൈന്യത്തിൻ്റെ ഔട്ട് പോസ്റ്റുകൾ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം അന്ന് സമ്മതിച്ചതാണ്. അതിനും വളരെ മുമ്പ്, 1962-ലെ ചൈനയുമായുള്ള യുദ്ധം നെഹ്‌റു സർക്കാർ പിന്തുടർന്ന ‘മുന്നോട്ട് നയത്തിൻ്റെ’ ( ഫോർവേഡ് പോളിസി) ഫലമാണെന്ന് ബ്രിട്ടീഷ് പത്രപ്രവർത്തകൻ നെവിൽ മാക്‌സ്‌വെൽ തുറന്നുകാട്ടി. കൂടുതൽ കൂടുതൽ വടക്കോട്ട് ഇന്ത്യൻ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചു. സുന്ദർജി ഇത് അംഗീകരിക്കുകയായിരുന്നു. മാക്‌സ്‌വെല്ലിൻ്റെ ‘ഇൻഡ്യാസ് ചൈന വാർ’ എന്ന പുസ്തകം ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. അതിന് അടിസ്ഥാനമായ ഇന്ത്യൻ സർക്കാരിൻ്റെ ഹെൻഡേഴ്സൺ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ സൃഷ്ടിയായിരുന്നു മക്മോഹൻ ലൈൻ. ചൈനയുമായുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കൻ അതിർത്തിയായി ഇത് ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇത് ചൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ചൈനീസ് വിപ്ലവം വിജയിച്ചത്തിനുശേഷം, മാവോ സേതുങ്ങിൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പരസ്പര സമ്മതത്തോടെ അതിർത്തി നിശ്ചയിക്കാൻ ഇന്ത്യയുമായി ചർച്ചക്ക് മുൻകൈയെടുത്തു. നെഹ്‌റു സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും സോവിയറ്റ് യൂണിയനിലെ ആധുനിക തിരുത്തൽവാദി ക്രൂഷ്ചേവ് ഭരണത്തിൻ്റെയും പിന്തുണയോടെ, നെഹ്‌റു ഒരു ഒത്തുതീർപ്പ് അംഗീകരിക്കാൻ വിസമ്മതിച്ചു. ആർ.എസ്.എസിൻ്റെ തീവ്രമായ സങ്കുചിത ദേശീയവാദ പിന്തുണയോടെ മക്മഹോൺ ലൈൻ അന്തിമമാക്കാൻ അദ്ദേഹം നിർബന്ധം പിടിച്ചു. കൂടാതെ, കോൺഗ്രസ് സർക്കാരിൻ്റെ ‘മുന്നോട്ട് നയത്തിലൂടെ’ സ്ഥിതി കൂടുതൽ വഷളാക്കി.
നെഹ്‌റു സർക്കാരിൻ്റെ ആക്രമാത്മക സമീപനം മടുത്ത സോഷ്യലിസ്റ്റ് ചൈന അതിർത്തിയിൽ പ്രത്യാക്രമണം നടത്തി. അങ്ങനെയാണ് 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നത്. ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്തതോടെയാണ് അത് അവസാനിച്ചത്.

“ഭൂപടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയുടെ ഫലമായിരുന്നു യുദ്ധം. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല” എന്ന അനിൽ ചൗഹാൻ്റെ പ്രസ്താവന, ഫലത്തിൽ ഇത് ഇന്ത്യൻ ഭരണവർഗങ്ങളുടെ വ്യാപനവാദ താൽപ്പര്യങ്ങളുടെ ഫലമായിരുന്നുവെന്ന് സമ്മതിക്കുകയാണ്. സമാധാനപരമായി പരിഹരിക്കാമായിരുന്ന അതിർത്തി തർക്കം ആയിരക്കണക്കിന് ജീവൻ അപഹരിക്കുന്ന യുദ്ധമാക്കി മാറ്റിയത് അതാണ്. അടിത്തൂൺ പറ്റിയ ശേഷം മടക്കികൊണ്ടുവന്നാണ് ഈ വ്യക്തിയെ മൂന്ന് സേനകളുടെ തലവനായി വീണ്ടും നിയമിച്ചത്. നിസംശയമായും സംഘികളുടെ വിശ്വസ്തൻ. അങ്ങനെയുള്ള ഒരാൾ ഇത് ഇപ്പോൾ തുറന്ന് സമ്മതിക്കുന്നത് എന്തുകൊണ്ടാണ്? കൂടാതെ, മുൻ വിദേശകാര്യ സെക്രട്ടറി അധ്യക്ഷനായ ഒരു പരിപാടിയിൽ മുൻ പ്രതിരോധ സെക്രട്ടറിയാണ് അദ്ദേഹവുമായി അഭിമുഖം നടത്തിയത്. അതായത്, ഭരണവർഗ ഉന്നതങ്ങളുടെ തലത്തിലുള്ള ഇടപെടലായിരുന്നു അത്. സംഘി ആസ്ഥാനം തന്നെ പച്ച സിഗ്നൽ നൽകിയ ഒന്ന്. എന്തുകൊണ്ട്? ‘ഓരോ ഇഞ്ച് ഭൂമിയും ചൈനക്കാരിൽ നിന്ന് വീണ്ടെടുക്കണം’ എന്ന് സംഘികൾ തന്നെയാണ് ഈ അടുത്ത കാലം വരെ ഏറ്റവും കൂടുതൽ വാശി പിടിച്ചത്. പിന്നെ എന്തിനാണ് ഈ സ്വയം പ്രഖ്യാപിത ‘ഭാരത ഭൂമി’ ചാമ്പ്യന്മാർ അതിൻ്റെ യഥാർത്ഥ അതിരുകൾ ആർക്കും അറിയില്ലെന്ന് ഇപ്പോൾ സമ്മതിക്കുന്നത്?

ഗാൽവാൻ സംഘർഷം ഉണ്ടായതു മുതൽ ഈ നിലപാടിലെ മാറ്റം ശ്രദ്ധേയമായിരുന്നു. ചൈനീസ് സൈന്യം ഇപ്പോൾ ലഡാക്കി ഭൂപ്രദേശം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് പ്രാദേശിക നിവാസികളും സർക്കാർ അധികാരികളും ആവർത്തിച്ച് പറഞ്ഞു. കാലികളെ മേക്കാൻ അവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പ്രദേശവാസികളെ തടയുന്നു എന്നവർ പറയുന്നു. എന്നിട്ടും ആ സംഘർഷത്തിൽ ഭൂപ്രദേശമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മോദി എപ്പോഴും ശഠിച്ചത്. ഇരുപക്ഷവും തമ്മിലുള്ള സമീപകാല കരാറിൻ്റെ അടിസ്ഥാനത്തിൽ സൈനിക റോന്തിനുള്ള അവകാശങ്ങൾ പുനർസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലഡാക്കികളുടെ പരമ്പരാഗത കാലിമേക്കൽ അവകാശങ്ങളുടെ കാര്യം എന്തായി എന്നത് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതെന്തായാലും, സംഘികളുടെ നിലപാടിലെ മാറ്റമാണ് കൂടുതൽ ശ്രദ്ധേയം.

തനിക്ക് സവിശേഷ അവകാശമുള്ള വീട്ടുമുറ്റമായി ഇന്ത്യൻ വ്യാപനവാദം ദക്ഷിണേഷ്യയെ കണക്കാക്കിവരുന്നു. ഇന്ന് ചൈന ഒരു സോഷ്യൽ സാമ്രാജ്യത്വ ശക്തിയാണ്. ഈ മേഖലയിൽ ഇന്ത്യൻ ആധിപത്യം ഇല്ലാതാക്കാനും സ്വന്തം ആധിപത്യം സ്ഥാപിക്കാനും അത് നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായി തൻ്റെ ഉന്നതമായ സൈനിക ശേഷി പ്രകടമാക്കാൻ അത് ശ്രമിക്കുന്നു. ഗാൽവാനിലും, നേരത്തെ ഭൂട്ടാൻ അതിർത്തിക്കടുത്തും, നടന്ന അതിർത്തി സംഘർഷങ്ങൾ ഈ സാമ്രാജ്യത്വ താൽപ്പര്യത്തിൽ നിന്നാണ് ഉയർന്നുവന്നത്. ഇന്ത്യൻ ഭരണവർഗങ്ങൾ തങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്തുകയും അമേരിക്കൻ സാമ്രാജ്യത്വത്തോട് കൂടുതലായി അടുക്കുകയും ചെയ്തുകൊണ്ട് ഇതിനെ നേരിടാൻ ശ്രമിക്കുകയാണ്. എന്നാൽ തങ്ങളുടെ സൈനിക ശേഷി ചൈനയുടേതിന് അടുത്തെങ്ങും എത്തില്ലെന്ന് അതിന് നന്നായി അറിയാം. യുഎസ് പിന്തുണയുണ്ടെങ്കിൽപ്പോലും ഒരു യുദ്ധം വിനാശകരമായിരിക്കും. അതുകൊണ്ട് അവർ തങ്ങളുടെ സങ്കചിത ദേശാഭിമാനം വിഴുങ്ങുകയും ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന് വഴങ്ങുകയും ചെയ്യുന്നു. അവരുടെ മുൻകാല നിലപാടുകളിൽ നിന്നുള്ള ഈ മാറ്റം സ്വന്തം സാമൂഹിക അടിത്തറയെയും പൊതുസമൂഹത്തെയും ധരിപ്പിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൽ കുറയാത്ത ഒരാളുടെ ആത്മാർത്ഥമായ ഏറ്റുപറിച്ചിൽ. മോദിയുടെ കീഴടങ്ങലിനെക്കുറിച്ച് കോൺഗ്രസ് ബഹളം വയ്ക്കുന്നുണ്ടെങ്കിലും അതിനപ്പുറം അത് പോകില്ല. ശക്തി സംഭരിക്കാനുള്ള സാവകാശം നേടിയെടുക്കണം എന്ന ധാരണയ്ക്കാണ് ഇന്ത്യൻ ഭരണവർഗങ്ങളുടെ ഇന്നത്തെ തന്ത്രപരമായ ചിന്തകളിൽ ആധിപത്യം.

ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ്, സാമ്രാജ്യത്വത്തിൻ്റെ പിന്തുണയുള്ള ഇന്ത്യൻ വ്യാപനവാദം വിവേകശൂന്യമായ ഒരു യുദ്ധത്തിൽ ആയിരക്കണക്കിന് ജീവനുകൾ ബലികഴിച്ചു. ഇപ്പോൾ ലഡാക്കി ജനതയുടെ ഉപജീവനമാർഗം അപകടത്തിലാക്കി, മറ്റൊരു സാമ്രാജ്യത്വ ശക്തിയുമായി ഒത്തുപോകാൻ ശ്രമിക്കുന്നു. ഏത് സാഹചര്യത്തിലും, ഭരണാധികാരികളുടെ സങ്കുചിതവും സ്വയം സേവിക്കുന്നതുമായ വർഗ താൽപ്പര്യങ്ങൾ തന്നെയാണ് നയത്തെ നിർണ്ണയിക്കുന്നത്. അതിൽ ദേശസ്നേഹം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. അത് സാധ്യവുമല്ല. മാവോ സേതുങ് ചൂണ്ടിക്കാണിച്ചതുപോലെ, ഈ യുഗത്തിൽ ദൃഢമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടിൽ നിന്നേ യഥാർത്ഥ ദേശസ്നേഹം സാധ്യമാകു… ദല്ലാൾ ഭരണവർഗങ്ങൾക്ക് ഇത് അസാധ്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Social media & sharing icons powered by UltimatelySocial
Verified by MonsterInsights