ഹിസ്ബുള്ളയുടെ നിരവധി പ്രമുഖ കേഡറുകളോടൊപ്പം അതിന്റെ നേതാവ് ഹസൻ നസ്‌റുല്ലയെ കൊന്ന ബോംബാക്രമണവും, ആശയവിനിമയ സംവിധാനത്തെ അലങ്കോലപ്പെടുത്തിയ പേജർ സ്ഫോടനങ്ങളും, സയണിസ്റ്റുകൾക്ക് കുറച്ച് നേട്ടമുണ്ടാക്കിയിട്ടുണ്ട്. സയണിസ്റ്റ് സൈന്യം കരയാക്രമണം തുടങ്ങി. അധിനിവേശ ഫലസ്തീനിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിയേണ്ടിവന്ന ഇസ്രായേലികൾക്ക് മടങ്ങിപോകാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഈ ആക്രമണങ്ങൾ എന്നാണ് സയണിസ്റ്റുകൾ പറയുന്നത്. ഹിസ്ബുള്ളയുടെ നിരന്തരമായ ആക്രമണങ്ങൾ കാരണം ഒരു വർഷത്തോളമായി ആ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ അവർ നിർബന്ധിതരായിരുന്നു. ഇത്രയും കാലം ഇത് പരിഹരിക്കാൻ ശ്രമിക്കാതിരുന്ന നെത്തിന്യാഹു സർക്കാർ എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു കടന്നാക്രമണം നടത്താൻ തീരുമാനിച്ചത്? തനിക്കെതിരെ ഉയർന്നുവരുന്ന ജനരോഷത്തെ തടയാനുള്ള നെത്തിന്യാഹുവിൻ്റെ നീക്കമാണ് ഇതിനു പിന്നിൽ എന്നാണ് മിക്ക മാധ്യമ വിശകലനങ്ങളും വിലയിരുത്തുന്നത്. അങ്ങനെയൊരു കാര്യം അതിലുണ്ട് എന്ന് സംശയമില്ല. എന്നാൽ പ്രധാന ഘടകം അതല്ല. ഗസ്സക്കെതിരായ യുദ്ധത്തിൽ സയണിസ്റ്റുകൾ പരാജയപ്പെടുകയാണ്. തങ്ങളുടെ കരസേനയിൽ നിന്ന് വിരമിച്ച കമാൻഡർമാരെ ഉദ്ധരിച്ചുകൊണ്ട് സയണിസ്റ്റ് മാധ്യമങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. സയണിസ്റ്റ് സൈന്യം പിൻവാങ്ങി 15 മിനിറ്റിനുള്ളിൽ ഗസ്സയിലെ നഗരങ്ങൾ ഹമാസ് തിരിച്ചുപിടിക്കുന്നതായി ഗസ്സ ഡിവിഷനിലെ മുൻ കമാൻഡർ തന്നെ സമ്മതിച്ചു. ഈ യുദ്ധത്തിൽ ഹമാസ് വിജയിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതാണ്ട് ഒരു വർഷം മുഴുവൻ ക്രൂരമായ ആക്രമണങ്ങൾ നടത്തിയിട്ടും നെത്തിന്യാഹു ഭരണം അതിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഫലസ്തീൻ സായുധ പ്രതിരോധത്തെ എന്നേക്കുമായി തകർക്കുമെന്നും ഗസ്സയിൽ തടവുകാരായി വച്ചിരിക്കുന്ന ബന്ദികളെ രക്ഷിക്കുമെന്നും അത് പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടും ഇനിയും കഴിഞ്ഞിട്ടില്ല. അടുത്തെങ്ങും കഴിയുകയുമില്ലെന്ന് ആ സയണിസ്റ്റ് ജനറലിൻ്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങൾ തീവ്രമാക്കിയതിനും കരമാർഗം ലെബനനിലേക്ക് യുദ്ധം വ്യാപിപ്പിച്ചതിനും ഇതാണ് പ്രധാന കാരണം. മികച്ച രഹസ്യാന്വേഷണ സംവിധാനത്തിന്റെയും സാങ്കേതിക ശേഷിയുടെയും സഹായത്തോടെ ചില കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുന്നതിൽ സയണിസ്റ്റുകൾ വിജയിച്ചിട്ടുണ്ട്. എന്നാൽ അത് ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ പോകുന്നില്ല. ഇന്ന് ഗസ്സയിൽ കാണുന്നത് പോലെയായിരിക്കും ഫലം. സയണിസ്റ്റുകൾ എത്ര വലിയ നാശം വിതച്ചാലും, അവരുടെ ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് എത്ര ആയിരങ്ങളെ കൊന്നാലും, സയണിസ്റ്റ് ആക്രമണകാരികൾക്കെതിരെ പോരാടാനുള്ള ലെബനൻ ജനതയുടെ ദൃഢനിശ്ചയം ഒരിക്കലും ദുർബലമാകില്ല. അവർ ചെറുത്തുനിൽപ്പിനെ തുടർന്നും പിന്തുണയ്ക്കും. 2006ലേതുപോലെ സയണിസ്റ്റ് അക്രമികൾക്ക് കനത്തവില നൽകേണ്ടി വരും. സയണിസ്റ്റുകളുടെ പുതിയ ആക്രമണങ്ങളോടുള്ള തങ്ങളുടെ വിയോജിപ്പ് അമേരിക്കൻ സാമ്രാജ്യത്വവാദികൾ ഔദ്യോഗികമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, അവർ എല്ലായ്‌പ്പോഴും അതിനോട് ചേർന്നുനിന്നിട്ടേയുള്ളു. ഭീകരവാദസ്വഭാവത്തിലുള്ള പേജർ സ്‌ഫോടനങ്ങളായാലും, നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ ബോംബാക്രമണമായാലും യുഎസും സഖ്യകക്ഷികളും സയണിസ്റ്റുകളെ കുറ്റപ്പെടുത്തിയിട്ടില്ല. മറുവശത്ത്, ഈ സഖ്യത്തെ എതിർക്കുന്ന സാമ്രാജ്യത്വ ശക്തികളായ റഷ്യക്കും ചൈനക്കും അവരുടെ സഖ്യകക്ഷികൾക്കും യോജിച്ച ഒരു പ്രതികരണത്തിന് രൂപംനൽകാൻ ഇനിയും കഴിയുന്നില്ല എന്നാണ് ഗസ്സയിലെയും, ഇപ്പോൾ ലെബനനിലെയും, സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഗസ്സയിൽ ഒരു വർഷം നീണ്ടുനിന്ന യുദ്ധത്തിൽ അവരാരും ഫലസ്തീൻ ചെറുത്തുനിൽപ്പിനെ അർത്ഥവത്തായ രീതിയിൽ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നിട്ടില്ല. ലോകതലത്തിൽ നിലവിലുള്ള ശക്തിക ബലാബലത്തെ ഇത് സൂചിപ്പിക്കുന്നു. അതോടൊപ്പം പഴയയൊരു പാഠവും അത് ഓർമ്മിപ്പിക്കുന്നുണ്ട് – പോരാടാനും വിമോചനം നേടാനും മർദ്ദിതർ സ്വന്തം ശക്തിയെ ആശ്രയിക്കണം. ലോകജനതകളുടെ പിന്തുണ മാത്രമായിരിക്കും അവർക്ക് ലഭിക്കുന്ന വിശ്വസനീയമായ ഏക ബാഹ്യപിന്തുണ.
Leave a Reply