കഴിഞ്ഞ ഒരാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ഒരു ക്യാംപേൻ നടക്കുകയാണ്. കേരളത്തിലെ അച്ചടി, ദൃശ്യ മാധ്യമങ്ങൾ അതിന് മികച്ച പ്രാധാന്യം നൽകിയിരിക്കുന്നു. വിഷയം – ഒരു നോവൽ പ്രസിദ്ധീകരിക്കാനുള്ള അനുമതി. ഒരു നോവലിന് ഇത്രയധികം ബഹളമോ? അതെ, പതിവായി കാണുന്ന കാര്യങ്ങളല്ല ഈ നോവലിൻ്റെ ഇതിവൃത്തം. പരിചിതനായ എഴുത്തുകാരനുമല്ല രചയിതാവ്. ആൾ ഒരു മാവോയിസ്റ്റാണ്, ശിക്ഷിക്കപ്പെട്ട് 10 വർഷമായി ജയിലിൽ കഴിയുന്ന തടവുകാരൻ. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ ആണ് നോവൽ. നമ്മുടെ രാജ്യത്തെ തടവിന്റെ ദൃശ്യവും അദൃശ്യവുമായ ബന്ധന വലകളാണ് അതിലെ പ്രതിപാദ്യം. മറ്റു പലതിനുമൊപ്പം ജയിൽ സംവിധാനത്തെയും പരാമർശിക്കുന്നത് ചൂണ്ടികാട്ടിയാണ് ജയിൽ അധികൃതർ പ്രസിദ്ധീകരണാനുമതി നിഷേധിച്ചിരിക്കുന്നത്.
എഴുത്തുകാരനായ രൂപേഷ് ടിആർ 2015 മുതൽ കുപ്രസിദ്ധമായ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. 42 യുഎപിഎ കേസുകൾ കൂടി ആൾക്കെതിരെ ചുമത്തി. ഒന്നിൽ കുറ്റവിമുക്തനാക്കപ്പെട്ടു, മറ്റൊന്നിൽ ശിക്ഷിക്കപ്പെട്ടു, 13 കേസുകൾ തള്ളിപോയി, ചിലതിൽ വിചാരണ നടക്കുന്നു. ബാക്കിയുള്ളവ ഇപ്പോഴും തുടങ്ങിയിട്ടു പോലുമില്ല.
രൂപേഷ് തന്റെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നു. വായന, പഠനം, എഴുത്ത്. സ്വന്തം കേസുകൾ വാദിക്കുന്നു. സഹതടവുകാരെ നിയമപരമായ അപ്പീലുകളിൽ സഹായിക്കുന്നു. അനുവദനീയമായ പരിധി വരെ ജയിലിലെ സാമൂഹിക ജീവിതത്തിൽ പൂർണ്ണമായും പങ്കാളിയാകുന്നു. എല്ലാറ്റിനുമുപരി, തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.
വ്യക്തമായും, ഇതാണ് നോവലിന്റെ പ്രസിദ്ധീകരണം തടയുന്നതിനുള്ള യഥാർത്ഥ കാരണം. ഉയർന്ന തലത്തിൽ എടുത്ത ഒരു ഭരണകൂട തീരുമാനമാണത്. ഈ വിഷയത്തിലെ നിയമം സ്പഷ്ടമാണ്. തടവുകാർക്ക് തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ഇതിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ രൂപേഷിന്റെ ഒരു ദിവസത്തെ നിരാഹാര സമരം അതിന് ഒന്നുകൂടി ശക്തിപകർന്നു. പ്രസിദ്ധീകരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സാഹിത്യകാരന്മാരുടെയും സാമൂഹിക പ്രവർത്തകരുടെയും വിശാലമായ ഒരു നിര മുന്നോട്ടുവന്നു. ഇതിലും വലിയൊരു സംഖ്യ മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിടുന്നു.
നിലവിൽ സിപിഎം നയിക്കുന്ന ഒരു മുന്നണി ഭരിക്കുന്ന കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരേസമയം വിരോധാഭാസവും, ഒപ്പം നമ്മുടെ കാലഘട്ടത്തിന്റെ സൂചനയുമായി ഇതിനെ കാണാം. ഞാൻ ഇതെഴുതുമ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. ഫാസിസത്തിന്റെ സൂക്ഷ്മതകളെക്കുറിച്ച് പ്രതിപാദിക്കുന്ന അവരുടെ കേന്ദ്ര സമിതിയുടെ പ്രമേയം അവിടെ ചർച്ച ചെയ്യും. പുറത്തുവന്ന് കുറച്ച് ശുദ്ധവായു ശ്വസിക്കുന്നത് അതിലെ പ്രതിനിധികൾക്ക് ഒരുപക്ഷേ ഗുണം ചെയ്തേക്കാം. രൂപേഷിന്റെയും, പണിമുടക്കിയ ആശാ തൊഴിലാളികളുടെയും പോരാട്ടത്തിന്റെ സുഗന്ധം വഹിക്കുന്ന, മുൻകാല പോരാട്ടങ്ങളുടെയും വഞ്ചനകളുടെയും ഓർമ്മകളുമായി എത്തുന്ന ഒരു ശ്വാസം. ഏതെങ്കിലും ഭരണവർഗ പാർട്ടിയിൽ ഒതുങ്ങാതെ വിശാലമായ ഒരു ചട്ടക്കൂടിൽ നമ്മുക്കു ചുറ്റും നടക്കുന്ന ഫാസിസീകരണത്തെ സ്ഥാനപ്പെടുത്താൻ ഇത് അവരെ സഹായിക്കും.
വാസ്തവത്തിൽ, ജയിൽ രചനകൾ പ്രസിദ്ധീകരിക്കാനുള്ള തടവുകാരുടെ അവകാശം വിനിയോഗിക്കാനുള്ള ഈ പോരാട്ടത്തിന്റെ കാതൽ അതാണ്. തലമുറകളായി, ലോകമെമ്പാടും വ്യാപിച്ചുകിടന്ന, നീണ്ടുനിന്നതും കഠിനവുമായ പോരാട്ടങ്ങളിലൂടെയാണ് അത് നേടിയത്. ബിജെപിയോ സിപിഎമ്മോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയോ നടത്തിപ്പുക്കാരായ ഭരണകൂടം അത് റദ്ദാക്കാൻ ശ്രമിക്കുകയാണ്. മറ്റ് ജനാധിപത്യ അവകാശങ്ങൾ അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതുപോലെ. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യമെമ്പാടും നടക്കുന്ന വിശാലമായ പോരാട്ടങ്ങളുടെ ഭാഗമാണ് രൂപേഷിന്റെ പോരാട്ടം. അതിനെ പിന്തുണയ്ക്കണം.